2009, ജനുവരി 16, വെള്ളിയാഴ്‌ച

4)ഒരു ഫെമിനിസ്റ്റ് ജനിക്കുന്നു. ( കേട്ടറിവുകള്‍ )

മടക്കയാത്രയില്‍ ഞാന്‍ റസിയയെക്കുറിച്ച് ചിന്തിച്ചു.അവളുടെ വാക്കുകളില്‍നിന്നും അവളെ വരച്ചെടുക്കാന്‍ ശ്രമിച്ചു. അടുത്തുള്ള ഒരു ഗ്രാമത്തിലാണ് റസിയയുടെ വീട്. വാപ്പയും ഇക്കാക്കയും ചേച്ചിയുടെ ഭര്‍ത്താവുമെല്ലാം ഗള്‍ഫില്‍. ഗേള്‍സ് സ്കൂളിലും വിമെന്‍സ് കോളെജിലുമായി ഡിഗ്രി വരെ പഠിച്ചു. കൂലിപ്പണിക്കുപോലും സ്പെഷൈലൈസേഷന്‍ ഉള്ള ഈ കാലത്ത് ഒരു എക്കണോമിക്സ് ഡിഗ്രികൊണ്ട് മാത്രം കാര്യമില്ല എന്നു മനസിലാക്കിയപ്പോഴാണ് ഐ ടി മേഖലയുടെ മായിക ലോകത്തേക്ക് എല്ലാവരേയുമെന്നപോലെ റസിയയും വരുന്നത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നതുതന്നെ ശരിയല്ല എന്ന അഭിപ്രായമുള്ളവരാണ് അവളുടെ കമ്മ്യൂണിറ്റിക്കാര്‍ കൂടുതല്‍ ഉള്ള റസിയയുടെ ഗ്രാമക്കാര്‍. സ്വന്തമായ ഒരു തൊഴില്‍ വേണമെന്നും അതില്‍നിന്നും കിട്ടുന്ന വരുമാനംകൊണ്ട് വീട്ടുകാരെ സഹായിക്കണമെന്നുമുള്ള നിലപാടിലാണ് ലോണ്‍ എടുത്തിട്ടാണെങ്കിലും ഐ ടി ജോലിക്കുതകുന്ന ഒരു കോഴ്സ് പഠിക്കാന്‍ അവള്‍ എത്തുന്നത്.

വാപ്പയും ഇക്കായും ഗള്‍ഫില്‍ എന്ന് പറയുമ്പോള്‍ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള കുടുബം എന്നു കരുതരുത്. മൂത്ത മകളെ കെട്ടിച്ചതിന്റെ കടം തീര്‍ക്കാന്‍ അന്‍പത്തിയഞ്ചാം വയസിലും ഗള്‍ഫില്‍ ലേബര്‍ വര്‍ക്ക് ചെയ്യുന്ന വാപ്പ. അത്യാവശ്യം സെമിസ്കില്‍ഡ് വര്‍ക്ക് ചെയ്യുന്ന ഇക്ക.അതുപോലെ ചേച്ചിയുടെ ഭര്‍ത്താവും. ഇക്കയും വാപ്പയും മുണ്ട്മുറുക്കിയുടുത്താണ് കുടുംബം ഒരു വട്ടമെത്തിക്കുന്നത് എന്ന് റസിയക്കു നന്നായി അറിയാം.

എന്റെ മനസില്‍ റസിയയുടെ വാപ്പക്ക് അറബിക്കഥയിലെ ക്യൂബാ മുകുന്ദന്‍ താമസിക്കുന്ന ഫ്ലാറ്റിലെ ഇക്കയുടെ മുഖമാണ്. സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ആ രംഗം ചെറുതായി ഞാന്‍ ഒന്നു വിവരിക്കാം.

ക്യൂബാ മുകുന്ദന്‍ ഫ്ലാറ്റിലെത്തുമ്പോള്‍ എല്ലാവരും ബിരിയാണി കഴിക്കുന്നു. വിശേഷം എന്തെന്ന് ചോദിക്കുമ്പൊള്‍ എന്റെ മോള്‍ടെ കല്യാണമാണെന്ന് മറുപടി. ഗള്‍ഫിലെ കാര്യങ്ങള്‍ അറിയാത്ത പ്രേക്ഷകരേപ്പോലെതന്നെ മുകുന്ദനും ചോദിക്കുന്നു. മോള്‍ടെ കല്യാണത്തിന് ഇങ്ങള്‍ പോകുന്നില്ലേ എന്ന്. ചിരിച്ചുകൊണ്ട് ഇക്ക പറഞ്ഞ് തുടങ്ങുന്നു. "കാര്യങ്ങള്‍ നൊക്കാന്‍ ഓള്‍ടെ മാമന്‍മാരുണ്ട്. കല്യാണത്തിനു വേണ്ടത് പൊന്നും പണവുമാ. ഫ്ലൈറ്റ് ടിക്കറ്റിന്റെ കാശുകൊണ്ട് മൂന്ന് പവന്‍ കൂടുതല്‍ വാങ്ങി. എന്നാലും ഇന്നലെ വൈകിട്ട് മോളു വിളിച്ചിട്ട് എന്റെ കല്യാണത്തിന് വാപ്പ വരുന്നില്ലേ എന്നു ചോദിച്ച് കരഞ്ഞപ്പോ... ഞമ്മളും.. " ഇത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കയുന്നു.

ഈ രംഗം കണ്ടപ്പോള്‍ എനിക്ക് റസിയയുടെ വാപ്പയുടെ പ്രതിരൂപം പോലെ തോന്നി. തീയേറ്ററിലെ ഇരുട്ടില്‍ എന്റെ കണ്ണ് നനഞ്ഞു.

റസിയ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എല്ലാം അടക്കിപ്പിടിച്ചുള്ള ജീവിതം. മനസും വാക്കുകളും വികാരങ്ങളുമെല്ലാം അടക്കിവക്കണ്ടതാണ് എന്ന് ശാഠ്യം‌പിടിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി അങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു.

ഞാന്‍ ഓഫീസിലെത്തി കുറേ സമയം കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നു. ഡെസ്ക്ടോപ്പിലെ വിന്‍ഡോസിന്റെ കുന്നും മലയും ആകാശവും നോക്കിയിരിക്കുന്ന എന്നേ കണ്ടിട്ട് ഓഫീസിലെ മറ്റ് മൂന്ന്പേര്‍, ബിന്‍സിയും ഗീതയും സനിലാലും എന്തൊക്കെയോ എന്നോട് ചോദിച്ചു. ഐ ടി പാര്‍ക്കിലെ എ/സി നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.

എന്റെ ഫോണ്‍ ശബ്ദിച്ചു. റസിയ. ഞാന്‍ ദേഷ്യവും സങ്കടവും പെട്ടന്ന് പുറത്ത്ചാടാതിരിക്കാന്‍ പാടുപെട്ടു. ഐ ടി പാര്‍ക്കിനുള്ളില്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല. കുരങ്ങന്‍ പാമ്പിനെ പിടിച്ചതുപോലെ ഞാന്‍ ഫോണുമായി ഇടനാഴിയിലൂടെ ഓടി. പുറത്ത് എത്തിയപ്പോഴേക്കും ബെല്ല് നിന്നു. പാര്‍ക്കിങ്ങില്‍ വച്ചിരുന്ന ഒരു ബൈക്കില്‍ ചാരിനിന്ന് ഒരു സിഗററ്റ് കത്തിച്ചപ്പോഴേക്കും വീണ്ടും റസിയ.ഫോണെടുത്ത് ഞാന്‍ തടഞ്ഞ് വച്ചിരുന്ന മൊത്തം വികാരങ്ങളേയും എടുത്തുകൊണ്ട് ചോദിച്ചു. "എന്താ വിളിച്ചത്?". ഒന്നും മനസിലാവാത്തപോലെ റസിയ ചോദിച്ചു."എന്താന്നോ?". "എന്റെ മുഖത്ത് നോക്കി എന്നെ വേണ്ടെന്ന് പറഞ്ഞില്ലേ? പിന്നെയും എന്താന്നോ.." ഞാന്‍ വിശദീകരിച്ചു. എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ എന്ന് റസിയ. പിന്നെ ഞാന്‍ എങ്ങനെ സംസാരിക്കണമെടീ എന്നായി ഞാന്‍ . "ഞാന്‍ അത്രക്കൊന്നും സീരിയസായി എടുത്തിരുന്നില്ല. എന്നെ എഡീ എന്നു വിളിക്കരുത്. ഞാന്‍ ഫെമിനിസ്റ്റാണ്." ഇത്രയും പറഞ്ഞ് റസിയ ഫോണ്‍ കട്ട് ചെയ്തു.

(തുടരും........)

12 അഭിപ്രായങ്ങൾ:

  1. എന്റെ മനസില്‍ റസിയയുടെ വാപ്പക്ക് അറബിക്കഥയിലെ ക്യൂബാ മുകുന്ദന്‍ താമസിക്കുന്ന ഫ്ലാറ്റിലെ ഇക്കയുടെ മുഖമാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹ ഇപ്പോള്‍ കൃത്യമായി

    എന്നാലും റസിയ ഫെമിനിസ്ടനെന്നു ചേട്ടനെന്നോട്‌ പറഞ്ഞില്ലല്ലോ

    പിന്നെ ചേട്ടന്റെ ഭാഷ ഓരോ ലക്കം കഴിയുമ്പോളും വളരെ നന്നാകുന്നുണ്ട് പറയാതെ വയ്യ ഇനി എന്നാണ് ബാക്കി വായിക്കാന്‍ പറ്റുക പെട്ടന്ന് പെട്ടന്ന് പോസ്ടൂ.. ഞങ്ങള്‍ മുള്‍മുനയില്‍ നില്‍കുകയാണ്‌

    സ്നേഹപൂര്‍വ്വം സനിലാല്‍

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാമല്ലോ... അപ്പൊ എടീ ന്നു വിളിച്ചാലും പ്രശ്നം ആകും അല്ലേ.

    മറുപടിഇല്ലാതാക്കൂ
  4. പെട്ടെന്നു കഴിഞ്ഞുപോയല്ലോ, വായിച്ചു തുടങ്ങിയേയുള്ളൂ, ദേ വരുന്നു ‘തുടരും’!

    മറുപടിഇല്ലാതാക്കൂ
  5. "എന്നെ എഡീ എന്നു വിളിക്കരുത്. ഞാന്‍ ഫെമിനിസ്റ്റാണ്."
    കഥയില്‍ ഒരു ട്വിസ്റ്റ്?

    മറുപടിഇല്ലാതാക്കൂ
  6. "എന്നെ എഡീ എന്നു വിളിക്കരുത്. ഞാന്‍ ഫെമിനിസ്റ്റാണ്." ഇത്രയും പറഞ്ഞ് റസിയ ഫോണ്‍ കട്ട് ചെയ്തു.

    ഉഗ്രൻ, ഇഷടമായി...

    മറുപടിഇല്ലാതാക്കൂ
  7. പെണ്ണിനെ പെണ്ണെന്നു പോലും പറയരുത്....!!
    good luck.

    മറുപടിഇല്ലാതാക്കൂ
  8. Thumpan,
    ദീപക് രാജ്,
    എഴുത്തുകാരി,
    ശ്രീഹരി,
    ഹരീഷ് തൊടുപുഴ,
    ജുനൈദ് ഇരു‌മ്പുഴി,
    PR REGHUNATH,
    പകല്‍കിനാവന്,

    വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. അതെ ഫെമിനിസ്റ്റിനെ എടീ വിളിച്ചു?എന്നിട്ട് എന്തു സംഭവിച്ചു…..
    waiting...

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ